
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഉള്‍പ്പെട്ട റാപ്പര്‍ വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനാലാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
പുലിപ്പല്ല് കേസിൽ വേടന്റെ പാസ്‌പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഉപാധികളോടെ വിട്ടുനൽകിയിരുന്നു. ഇതോടെ വിമാനത്താവളം വഴിയടക്കം വേടൻ യാത്ര ചെയ്യാൻ ശ്രമിച്ചാൽ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും. കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി വേടൻ ഹൈക്കോടതിയിൽ സമീപിച്ചിരുന്നു.







