
തിരുവനന്തപുരം: ഇന്ത്യന്‍ മാന്ത്രിക കലയിലെ രണ്ട് ഇതിഹാസങ്ങളായ പി.സി. സര്‍ക്കാറിനും വാഴക്കുന്നം നമ്പൂതിരിക്കും ആദരമര്‍പ്പിച്ച് മാജിക് പ്ലാനറ്റ്. ഇതിന്റെ ഭാഗമായി പി.സി സര്‍ക്കാരിന്റെ മകനും വിഖ്യാത മാന്ത്രികനുമായ പി.സി സര്‍ക്കാര്‍ ജൂനിയര്‍ നാളെ (ചൊവ്വ) വൈകിട്ട് 4ന് മാജിക് പ്ലാനറ്റിലെത്തും. പി.സി സര്‍ക്കാര്‍ ലോകത്തിന് സമ്മാനിച്ച വിസ്മയമായ ‘വാട്ടര്‍ ഓഫ് ഇന്ത്യ’ എന്ന മാജിക്കിന്റെ മാതൃക അനാച്ഛാദനം ചെയ്യുവാനാണ് അദ്ദേഹം എത്തുന്നത്.
ഇതിനൊപ്പം, കേരളത്തിന്റെ മാന്ത്രിക കുലപതിയായ വാഴക്കുന്നം നമ്പൂതിരിയുടെ പ്രതിമ ഗോകുലം ഗോപാലന്‍ അനാച്ഛാദനം ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യയുടെ ജലസമൃദ്ധിയുടെ മഹത്വം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് പി.സി. സര്‍ക്കാര്‍ സീനിയര്‍ അവതരിപ്പിച്ച വാട്ടര്‍ ഓഫ് ഇന്ത്യ എന്ന ജാലവിദ്യ ലോകമെമ്പാടും പ്രശസ്തമാണ്. ശൂന്യമായ ഒരു കുടത്തില്‍ നിന്ന് എത്രയെടുത്താലും തീരാത്ത ജലം പുറത്തെടുക്കുന്ന ഈ വിദ്യയുടെ പ്രതീകാത്മക മാതൃകയാണ് മാജിക് പ്ലാനറ്റില്‍ ഒരുക്കുന്നത്. കേരള യൂണിവേഴ്‌സിറ്റിയുടെ ഡി.എം.എ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്യും.







