
തിരുവനന്തപുരം: കരമന ആറ്റിൽ യുവാവ് മുങ്ങിമരിച്ചു. കുടപ്പനക്കുന്ന് കിണവൂർ സ്വദേശി വിഷ്ണു(22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് ആറ്റിൽ കുളിക്കാനായി എത്തിയത്.
വെള്ളത്തിലിറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. വിഷ്ണു ആറ്റിൽ മുങ്ങുന്നത് കണ്ട കൂടെയുള്ളവർ ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് വിളപ്പിൽശാല പോലീസും കാട്ടാക്കട അഗ്നിരക്ഷാ ശമന സേനയും ചേർന്ന് നടത്തിയ പരിശോധനയിൽ വൈകുന്നേരത്തോടെ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന രണ്ട് പേരും പൊലീസ് കസ്റ്റഡിയിലാണ്. ലഹരി ഉപയോഗിച്ച ശേഷമാണ് മൂന്ന് പേരും വെള്ളത്തിലിറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.







