
തിരുവനന്തപുരം: പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യപടിയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. രാഹുലിന് പറയാനുള്ളത് കൂടി കേൾക്കും. നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം കൊടുക്കും. ആരോപണവിധേയനായ വ്യക്തിക്ക് പറയാനുള്ളത് കൂടി കേൾക്കുമെന്ന് നേരെത്തെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം പരാതിക്കാരായ സ്ത്രീകളെ ആക്രമിച്ചാൽ അനുവദിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. പരാതികൾ ഗൗരവത്തോടെ പരിശോധിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരേ ഒരു പ്രചാരണവും കോൺഗ്രസ് പ്രവർത്തകർ നടത്തരുതെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.







