
തിരുവനന്തപുരം: മലയോരമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപ്രശ്നങ്ങൾ മലയോര ജനതയെ വിഷമിപ്പിച്ചിരുന്നു. ഇതിന് പരിഹാരമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് മന്ത്രിസഭ അംഗീകരിച്ചു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയോടൊപ്പം റവന്യു വകുപ്പ് മന്ത്രി കെ രാജനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലയോരമേഖലയിലെ 65 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ചട്ടം പ്രാബല്യത്തിൽ വരും.ഭൂമി പതിച്ച് കിട്ടിയവരിൽ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ ചട്ടങ്ങളുണ്ടാക്കി. ജനപക്ഷത്ത് നിന്നുള്ള ഭേദഗതി നിർദ്ദേശം ആണിത്. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ചട്ട ഭേദഗതി മന്ത്രിസഭ പരിഗണിച്ചത്. പട്ടയ ഭൂമി വകമാറ്റുന്നത് ക്രമീകരിക്കുന്നതാണ് പ്രധാനം. ഈ ചട്ടത്തിനാണ് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകിയത്.







