
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. രാഹുലിനെതിരെ ബി.എന്‍.എസ് 78(2), 351 പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യം ചെയ്‌തെന്ന് എഫ്.ഐ.ആർ പറയുന്നു. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശം അയച്ചുവെന്നും, ഫോൺ വഴി സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. 10 പരാതികള്‍ ലഭിച്ചുവെന്നും പലതും ഗുരുതരമെന്നും എഫ്‌ഐആറില്‍ പറയുന്നു.







