
ശ്രീകാര്യം: ചെറുവക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. മെഡിക്കൽ കോളേജ് ഹെൽത്ത് യൂണിറ്റിന്റെ കീഴിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ ഉണ്ടായത്.
844 രൂപ അടയ്ക്കാൻ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കുളത്തൂർ സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ഫ്യൂസ് ഊരിയത്. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഗേറ്റ് പൂട്ടി.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഡോക്ടർമാർ ഉൾപ്പെടെ രോഗികളെ ചികിത്സിക്കുന്ന സ്ഥലത്താണ് കെഎസ്ഇബിയുടെ ക്രൂരത. മാത്രമല്ല പട്ടികജാതി വിഭാഗം ഉൾപ്പെടെയുള്ള ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടമായതിനാൽ ദിവസവും ബിപി ഉൾപ്പെടെയുള്ള പ്രാഥമിക പരിശോധന നടക്കുന്ന സ്ഥലമാണ്. വൈദ്യതി ഇല്ലാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ ഫോൺ ആരും എടുത്തില്ലെന്നാണ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്.
ആശാവർക്കർമാരും നഴ്സുമാരും ഫീൽഡ് വിസിറ്റിനും മറ്റും എത്തുമ്പോൾ ഇരിക്കുന്ന ഇടം കൂടിയാണ്.
വൈദ്യുതി വിച്ഛേദിക്കുന്ന വിവരം നേരത്തെ അറിയിച്ചിരുന്നെങ്കിൽ പണം അടയ്ക്കാനുള്ള നടപടികൾ ചെയ്യുമായിരുന്നു എന്ന് അധികൃതർ പറഞ്ഞു.







