
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ. വർക്കല ചിലക്കൂർ സ്വദേശി റൗഫ് (54), നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മണിയംകോട് ലക്ഷം വീട്ടിൽ രമ (50) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിലാണ് ഇവർ മുക്കുപണ്ടം പണയം വയ്ക്കാനായി എത്തിയത്.
പണയം വയ്ക്കാൻ കൊണ്ട് വന്ന സ്വർണാഭരണത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ വിവരം രഹസ്യമായി പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണം മുക്കുപണ്ടമാണെന്ന് ഇവർ സമ്മതിച്ചത്. സംഭവത്തിൽ ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.







