
കൊല്ലം: കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ഏറെ നാളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറു മണിയോടെയാണ് ഐസക് ശാലിനിയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. ശാലിനിയുടെ കഴുത്തിന് കുത്തുകയും വെട്ടികയും ചെയ്തിട്ടുണ്ട്.
ഒരു സ്കൂളില്‍ ആയയായി ജോലി ചെയ്യുകയായിരുന്നു ഇവര്‍. രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ ലൈവിട്ട് പങ്കുവെച്ചു.
‘’ഞാന്‍ എന്‍റെ ഭാര്യയെ കൊന്നുകളഞ്ഞു. അതിന്‍റെ കാരണം വീട്ടില്‍ ഇരുന്ന സ്വര്‍ണം എടുത്ത് പണയം വെച്ചതും ഞാന്‍ പറഞ്ഞതു പോലെ കേൾക്കാതെ ഇരുന്നതുമാണ്. എനിക്ക് രണ്ട് മക്കളാണ്. ഒരാൾ ക്യാന്‍സര്‍ രോഗിയാണ്. അവൾക്ക് ആഢംബര ജീവിതം നയിക്കണം. അതുകൊണ്ട് അവൾ അവളുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ധിക്കാരകരമായാണ് പെരുമാറുന്നത്. ജോലിക്ക് പലയിടത്തായി മാറിമാറി \ പോകുന്നു. അതിന്‍റെ ആവശ്യം എന്‍റെ ഭാര്യക്കില്ല” എന്ന് പറയുകയും കൂടാതെ കൊലപാതക വിവരങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.







