
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വൻ കവര്‍ച്ച. വീട് കുത്തി തുറന്നാണ് മോഷണം നടത്തിയത്. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 20 പവനും ഒരു ലക്ഷം രൂപയുമാണ് കള്ളൻ കൊണ്ടുപോയത്.
വീട്ടില്‍ ആളില്ലാത്ത സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വർണമാണ് മോഷണം പോയത്. മകന്റെ സ്വർണ്ണമാണ് മോഷണം പോയത്. താഴത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്.
സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. ഇത് മനസിലാക്കിയാണ് കവർച്ച നടന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.







