
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അനിൽ കുമാർ പ്രസിഡന്‍റായിരുന്ന സഹകരണ സംഘത്തിന് നോട്ടീസ് അയച്ച് പൊലീസ്. സഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ് സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് നൽകിയത്.
15 വർഷത്തോളം അനിൽ കുമാർ പ്രസിഡന്‍റായിരുന്ന സ്ഥാപനമാണ് വലിയശാല ടൂർ സൊസൈറ്റി. സംഘത്തിന് ആറു കോടിയുടെ സാമ്പത്തിക പ്രതിസന്ധിയുണ്ട്. അന്വേഷണം കന്‍റോണ്‍മെന്‍റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ക്ക് ആണ് അന്വേഷണ ചുമതല കൈമാറിയത്.
ബാങ്കിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചത്. ചട്ടവിരുദ്ധമായ വായ്പയും ശമ്പളവും നിയമനവും നൽകിയതിലൂടെ കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന് സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.







