
തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റിൽ. ബാലരാമപുരം പൊലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ശ്രീതുവിന്‍റെ അറിവോടെയാണ് സഹോദരൻ ഹരികുമാർ കുഞ്ഞിനെ കൊന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഇന്നലെ രാത്രി തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് നിന്നാണ് ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. സഹോദരൻ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതിചേർത്തത്. കുഞ്ഞിന്റെ അമ്മാവൻ നേരത്തെ അറസ്റ്റിലായിരുന്നു.
ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. എന്നാൽ ഇപ്പോൾ ഫോറൻസിക് പരിശോധനയിലാണ് ശ്രീതുവിന്‍റെ പങ്ക് കണ്ടെത്തിയത്. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയായി ചേർത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിലാണിത്.
കേസിൽ കുട്ടിയുടെ മാതാവ് ശ്രീതു, അമ്മാവൻ ഹരികുമാർ എന്നിവരെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം തയാറാക്കിയിരുന്നു. ജനുവരി 30നാണ് കുട്ടിയെ വീടിനടുത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.







