
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് ബിയര്‍ പാര്‍ലറിന് മുന്നിൽ മരിച്ച നിലയില്‍. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. അരുവിക്കര വെള്ളൂർക്കോണം സ്വദേശി മഹേഷിനെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നെടുമങ്ങാട് സഫാരി ബിയര്‍/ വൈന്‍ പാര്‍ലറിന്റെ പാര്‍ക്കിങ് കോമ്പൗണ്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ യുവാവിനെ ആദ്യം കാണുന്നത്.
അമിതമായി മദ്യപിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.







