
തിരുവനന്തപുരം: ഖാദർ കമ്മിറ്റിയിൽ അടക്കം ദ്രോഹിക്കപ്പെടുന്ന, അധിക തൊഴിൽ ബാധ്യത ഏറ്റെടുക്കേണ്ടി വന്ന കേരളത്തിലെ എയ്ഡഡ് സ്കൂൾ അനധ്യാപകർ നേരിടുന്ന പ്രശ്നങ്ങളെ യുഡിഎഫ് ഗൗരവമായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മൂന്ന് മാസങ്ങൾക്കുള്ളിൽ ഈ പ്രശ്നം പരിഹരിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ അനദ്ധ്യാപകരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നുള്ള ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹയർസെക്കൻഡറി ലയനം അടക്കമുള്ള പ്രശ്നങ്ങളിൽ നിരവധി അനധ്യാപകരാണ് തെറ്റായ നിയമങ്ങളിൽ ബലിയാടാക്കപ്പെട്ടത്. തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്ന അനദ്ധ്യാപകരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുക മാത്രമല്ല അധിക ജോലി കൂടി അടിച്ചേൽപ്പിക്കുകയാണ് ഈ സർക്കാർ. അനധ്യാപകരുടെ സമരാവശ്യങ്ങൾ ന്യായവും നീതിയും ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി അനധ്യാപകർ പ്രതീകാത്മകമായി സ്ഥാപിച്ച മണിമുഴക്കി സമരകാഹളത്തിന് പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ചു. കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഷിനോജ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ വി മധു സ്വാഗതം ആശംസിച്ചു.
മുൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നിർവഹിച്ചു. മുൻമന്ത്രി അനൂപ് ജേക്കബ്, എംഎൽഎമാരായ ടിവി ഇബ്രാഹിം, പി ഉബൈദുള്ള, നജീബ് കാന്തപുരം, എം.വിൻസാൻ്റ്, അഡ്വക്കേറ്റ് മാത്യു കുഴൽനാടൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ അജി കുര്യൻ, ഷാജു സി സി, ഷഹീർ ജി അഹമ്മദ്, സിജി ചാക്കോ, കേശവദാസ്, ദീപു കുമാർ, ബഷീർ കാക്കിടിക്കൽ, മിനി സി ജെ, ഇമാനുവൽ വിൻസൻറ്,തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ ശരവണ കുമാർ, പ്രകാശ്, മുരളി മോഹൻ, ടി ജോണി എന്നിവർ സംസാരിച്ചു.
സെക്രട്ടറിയേറ്റിനു മുന്നിൽ നിന്നും ആരംഭിച്ച നിയമസഭാ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാനത്തെ ഹയർസെക്കൻഡറികളിൽ അനദ്ധ്യാപക തസ്തികളിൽ നിയമനം നടത്തുക, ഹയർസെക്കൻഡറിയിൽ അനധികൃതമായി അനധ്യാപകരെ ജോലി ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കുക, ഡിഎ കുടിശ്ശിക പൂർണമായി നൽകുക, അധ്യാപക വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങി 30 ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ മാർച്ച് നടത്തിയത്. നിയമസഭ മന്ദിരത്തിന മുന്നിൽ പോലീസ് ബാരിക്കോട് വച്ച് മാർച്ച് തടഞ്ഞു.
നിയമസഭാ മാർച്ചിൽ സംഘടന ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ തയ്യാറാകാത്തപക്ഷം പണിമുടക്ക് അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടന സ്വീകരിക്കേണ്ടി വരുമെന്ന് സംസ്ഥാന ഭാരവാഹികൾ പ്രസ്താവിച്ചു.







