
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അതിസാഹസികമായിട്ടാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളിലേക്ക് അന്വേഷണം നീണ്ടത്. പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.
സംഭവത്തിനുശേഷം പ്രതി മധുരയിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് സംഘം മധുരയിലെത്തി സാഹസികമായാണ് പിടികൂടിയത്. വെള്ളിയാഴ്ചയാണ് പീഡന വിവരം പുറത്തുവരുന്നത്. 25 വയസുള്ള യുവതി ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങുമ്പോഴാണ് അതിക്രമം നടന്നത്. പെൺകുട്ടി ഞെട്ടി ഉണർന്നപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഭയന്നുപോയ പെൺകുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് അധികൃതരാണ് പോലീസിൽ പരാതി നൽകിയത്.







