
തിരുവനന്തപുരം: പട്ടികവർഗ വിഭാഗക്കാരനായ പൊലീസ് ട്രെയിനിയെ പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ ബാരക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. അമ്മയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി.
സംസ്ഥാന പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. ആനന്ദിന്‍റെ അമ്മ ചന്ദ്രിക സമർപ്പിച്ച പരാതിയിലാണ് മനുഷ‍്യാവകാശ കമ്മിഷന്‍റെ ഉത്തരവ്. ആനന്ദിന്റെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാണിച്ചാണ് അമ്മ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
ട്രെയിനിംഗ് ഉദ്യോഗസ്ഥർ മകനെ ചീത്ത പറയുകയും ജാതിപേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതതായി അമ്മ പരാതിയിൽ പറഞ്ഞു. വിതുര സ്വദേശിയായ ആനന്ദിനെയായിരുന്നു സെപ്റ്റംബർ 18ന് പേരൂർക്കട എസ്എപി ക‍്യാംപിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അന്ന് തന്നെ കുടുംബം രംഗത്തെത്തിയിരുന്നു.







