
കൊല്ലം: മന്ത്രവാദത്തിന് തയ്യാറാവാത്തതിന്‍റെ വൈരാഗ്യത്തിൽ ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലത്താണ് സംഭവം. സംഭവത്തിൽ കൊല്ലം ചടയമംഗലം സ്വദേശി സജീർ അറസ്റ്റിലായി. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്.
ഇന്നലെ രാവിലെ 9 മണിയോടുകൂടിയാണ് സംഭവം. ഭാര്യ റജുലയ്ക്ക് മുഖത്തും കഴുത്തിനും ഗുരുതരമായ പരുക്കേറ്റത്. കഴിഞ്ഞ കുറച്ചു നാളുകളായി റെജിലയുടെ ദേഹത്ത് സാത്താൻ കൂടിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് റജുലയെ സജീർ കൊണ്ടുപോയിരുന്നു.
ചില മന്ത്രിവാദപരമായ കാര്യങ്ങൾ വീട്ടിൽ വച്ച് ചെയ്യാൻ മന്ത്രിവാദി ആവശ്യപ്പെടുകയായിരുന്നു. മുഖത്ത് ഭസ്മം തേയ്ക്കുക, മുടി അഴിച്ചിടുക എന്നിവയാണ് റജുലയോട് നിർദേശിച്ചിരുന്നത്. ഉസ്താദ് പറഞ്ഞത് കുടോത്രമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരപീഡനം നടത്തിയത്.
രണ്ടുപേരും തമ്മില്‍ വഴക്കുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് അടുപ്പിലുണ്ടായിരുന്ന മീൻ കറിയെടുത്ത് സജീർ റജുലയുടെ മുഖത്തേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. റജുലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.







