
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് ദിവസം മുമ്പ് കടലിൽ കാണാതായ 12 കാരൻ്റെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ അമ്പലത്തുംമൂല സെന്‍റ് ആന്‍റണീസ് കുരിശടിക്ക് സമീപം റോസി ഹൗസിൽ പത്രോസിന്‍റെയും ഡയാനയുടെയും മകൻ ജോബിളി (12) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കുട്ടിയെ മൂന്ന് ദിവസം മുൻപ് വിഴിഞ്ഞത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. ജോബിളിനെ കാണാതായതിന് സമീപത്തായി കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ജോബിൾ. 31ന് വൈകിട്ട് 4.30 ഓടെയായിരുന്നു കുട്ടിയെ കാണാതായത്. സ്കൂൾ വിട്ട് വന്നശേഷം ബന്ധുവായ പതിനൊന്ന് കാരനൊപ്പം കടൽക്കരയിൽ എത്തിയശേഷം ജോബിൾ വസ്ത്രങ്ങളും ചെരുപ്പും കരയിൽ ഊരിവച്ച് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു.
ജോബിൾ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യ തൊഴിലാളികളുമുപ്പെടെ മൂന്നു ദിവസമായി തിരച്ചിൽ നടത്തിവരുകയായിരുന്നു.







