
കോഴിക്കോട്: 2024 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ബാലതാരങ്ങൾക്ക് പുരസ്‌കാരം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു.
കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശവും വെച്ചിട്ടുണ്ട്. അടുത്ത അവാർഡിൽ പരിഹരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്ത് ആ പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നാണ് സജി ചെറിയാന്‍റെ അവകാശവാദം. കയ്യടി മാത്രമേയുള്ളൂവെന്നും പരാതികളില്ലെന്നും മന്ത്രി പറഞ്ഞു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്കാരം നൽകിഎന്നും മന്ത്രി കൂട്ടിച്ചേർത്തു.







