
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആവശ്യമായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വാദങ്ങൾ തള്ളി കുടുംബം. തന്റെ ഭര്‍ത്താവിനെ ആരോഗ്യവകുപ്പ് കൊന്നതാണെന്ന് വേണുവിന്റെ ഭാര്യ സിന്ധു.
ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്‍റെ ഭാര്യ പറഞ്ഞു. മാത്രമല്ല വേണുവിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അധികൃതർ ഒന്നും പറഞ്ഞില്ലെന്നും ഇവർ ആരോപിച്ചു.
തലവേദനയെന്ന് പറഞ്ഞ് നഴ്‌സുമാരെ സമീപിച്ചാൽപ്പോലും അറിയില്ലെന്നാണ് മറുപടി. വേദന സഹിക്കാൻ കഴിയാതെ വന്നിട്ടും മരുന്ന് പോലും നൽകിയില്ല. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറി. വെന്‍റിലേറ്ററിലാണെന്നാണ് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്.
അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയിൽ കിടന്നു. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്. പിന്നെ ജീവനോടെ കണ്ടിട്ടില്ലെന്നും സിന്ധു പറഞ്ഞു.







