
Lപോത്തൻകോട്: കണിയാപുരം സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ ഗ്രേഡുകൾ നേടിയ തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഇപ്രാവശ്യവും ഓവറോൾ കിരീടം നിലനിർത്തി. ഓവറോൾ രണ്ടാം സ്ഥാനം പോത്തൻകോട് എൽ വി എച്ച് എസ് കരസ്‌ഥമാക്കി. ഹയർ സെക്കന്ററി വിഭാഗത്തിൽ തോന്നയ്ക്കൽ സ്കൂൾ ഒന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗത്തിൽ പോത്തൻകോട് എൽ വി എച്ച് എസും, യു പി വിഭാഗത്തിൽ പോത്തൻകോട് ഗവ. യു പി എസും, എൽ പി വിഭാഗത്തിൽ ഗവ.എൽ പി എസ് കന്യാകുളങ്ങരയും ട്രോഫികൾ കരസ്ഥമാക്കി.
അറബിക് കലോത്സവം എച്ച് എസ് വിഭാഗത്തിൽ കഴക്കൂട്ടം അൽ ഉദുമാൻ സ്കൂളിനാണ് ഓവറോൾ ട്രോഫി. എൽ പി വിഭാഗത്തിൽ ഗവൺമെൻറ് എൽപിഎസ് തച്ചപ്പള്ളിയും, എൽപിഎസ് കന്യാകുളങ്ങരയും, എൽ പി എസ് ആലുംമൂടും ഓവറോൾ പങ്കിട്ടു. യു പി വിഭാഗത്തിൽ ഗവ.യു പി എസ് കണിയാപുരവും, സെൻ്റ്തോമസ് യുപിഎസ് പോത്തൻകോടും ഓവറോൾ ട്രോഫി പങ്കിട്ടു.
സംസ്കൃത കലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ എൽ വി എച് എസ് പോത്തൻകോടും യുപി വിഭാഗത്തിൽ തോന്നയ്ക്കൽ ഗവൺമെൻറ് എച്ച്എസ്എസും ഓവറോൾ പുരസ്കാരം നേടി. നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ നിറഞ്ഞ വേദികളിൽ 86 സ്കൂളുകളിൽനിന്നായി 6194 പ്രതിഭകളാണ് നാലു ദിനരാത്രങ്ങളിലായി കലയുടെ നൂപുര ധ്വനികളുയർത്തിയത്.
സമാപന സമ്മേളനം എം എ റഹീം എം പി ഉദ്ഘാടനം ചെയ്തു. വി ശശി എംഎൽഎ മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയൻ, കണിയാപുരം എ ഇ ഒ ഹരികൃഷ്ണൻ ആർ.എസ്, അനൂജ. എ. ജി, താഴേക്ക് രാഹുൽ, ഉണ്ണികൃഷ്ണൻ പാറക്കൽ, പ്രിൻസിപ്പൽ ബിന്ദു എസ്, ഹെഡ്മിസ്ട്രസ് ഹാമിലാ ബീവി, ജഗന്നാഥ പിള്ള എന്നിവർ പ്രസംഗിച്ചു.







