
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിർമാണ ശാലയിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പേരയം – താളിക്കുന്ന് സ്വദേശിനി ഷീബയാണ് മരിച്ചത്.
പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള ആൻ ഫയര്‍ വര്‍ക്സിന്‍റെ പടക്ക നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചത്.
അപകടത്തിൽ നാല് വനിതാ തൊഴിലാളികൾക്ക് പരുക്ക് പറ്റിയിരുന്നു. അപകടത്തിൽ നിര്‍മ്മാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. അതിൽ ഷീബയുടെ നില ഗുരുതരമായിരുന്നു. ഷീബയ്ക്ക് അൻപത് ശതമാനത്തിൽ കൂടുതൽ പൊള്ളൽ ഏറ്റിരുന്നു.
ഓലപടക്കത്തിന് തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.







