
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്താണ് അസ്വാരസ്യങ്ങളെ തുടർന്ന് തിരുവനന്തപുരം കോൺഗ്രസ് ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവെച്ചിരിക്കുന്നു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി.
അനുനയ ചർച്ചയ്ക്ക് കെപിസിസി ഒരുങ്ങുകയാണെന്നാണ് വിവരം. കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് എൻ ശക്തൻ ഡിസിസി അധ്യക്ഷനാകുന്നത്.
താൽക്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്നും ആവശ്യപ്പെട്ട് എൻ.ശക്തൻ നേതൃത്വത്തെ നേരത്തെ സമീപിച്ചിരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിന്റേത് ജില്ലയിലാകെ പൂർണ ശ്രദ്ധ വേണ്ട ചുമതലയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ആ നിലയ്ക്ക് തന്നെക്കാൾ സജീവമായി ഇടപെടാൻ കഴിയുന്ന ഒരാൾ വരണം എന്ന അഭിപ്രായമാണ് നേതാക്കളെ അറിയിച്ചിരിക്കുന്നത്.







