
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള മാധ്യമ പെരുമാറ്റചട്ടം ജില്ലയിൽ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കളക്ടർ അനുകുമാരി നിർദ്ദേശിച്ചു. ജില്ലാതല മീഡിയ റിലേഷൻസ് സമിതിയുടെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സമിതി ചെയർപേഴ്സൺ കൂടിയായ കളക്ടർ. കർശന നിരീക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറായ സമിതിയെ കളക്ടർ ചുമതലപ്പെടുത്തി. എല്ലാ ആഴ്ചയും സമിതി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തുന്നതിനും തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദ്ദേശപ്രകാരം വോട്ടെടുപ്പിന്റെ സമാപനത്തിന് 48 മണിക്കൂർ സമയപരിധിയിൽ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതും ബാധിക്കുന്നതുമായ പ്രചാരണം പാടില്ല. പ്രത്യേക രാഷ്ട്രീയകക്ഷിക്കോ സ്ഥാനാർഥിക്കോ അനുകൂലമോ പ്രതികൂലമോ ആയ എക്‌സിറ്റ് പോൾ നടത്തുന്നതിനും ഫലം പ്രസിദ്ധീകരിക്കുന്നതിനും ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് ഉൾപ്പടെ വിലക്കുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വ്യാജചിത്രങ്ങളും ശബ്ദസന്ദേശങ്ങളും തെറ്റായവിവരങ്ങളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവയ്ക്കും നിയന്ത്രണമുണ്ട്. ഡീപ്ഫേക്ക് വിഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ എന്നിവ പ്രചരിപ്പിക്കുന്നതും പൂർണമായും വിലക്കിയിട്ടുണ്ട്. പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റലായി മാറ്റംവരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും എ.ഐ ജനറേറ്റഡ്, ഡിജിറ്റലി എൻഹാൻസ്ഡ്, സിന്തറ്റിക് കണ്ടന്റ് എന്നീ ലേബലുകൾ ഉൾപ്പെടുത്തണം. വീഡിയോ സ്‌ക്രീനിന് മുകളിലായി കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേയിലും, ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ ഉണ്ടാകണം.
ഉള്ളടക്കം സ്യഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റ ഡേറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം. ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാറ്റിയും അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും പൂർണമായും നിരോധിച്ചു. ഇത്തരം ഉള്ളടക്കം കണ്ടെത്തിയാൽ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം, സ്രഷ്ടാവിന് മുന്നറിയിപ്പും നൽകണം. രാഷ്ട്രീയകക്ഷികൾക്ക് പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന എ.ഐ നിർമിതികളുടെ വിവരങ്ങളെല്ലാം ആഭ്യന്തരരേഖകളായി സൂക്ഷിക്കുന്നതിനും നിർദേശമുണ്ട്.
പെരുമാറ്റചട്ടം നിലവിൽ വന്നതുമുതൽ കേബിൾ നെറ്റ് വർക്ക് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. ടെലിവിഷൻ ചാനലുകൾ ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കംപ്ലയിന്റ് കൗൺസിൽ നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണം. അച്ചടി മാധ്യമങ്ങൾ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങളാണ് പാലിക്കേണ്ടത്. തിരഞ്ഞെടുപ്പ് സംപ്രേഷണത്തിന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി മാർഗനിർദേങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മീഡിയ റിലേഷൻസ് കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ എസ്.ബീനാമോൾ, അംഗങ്ങളായ ഐ ആന്റ് പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ശൈലേന്ദ്രൻ, ലോ ഓഫീസർ ലിജി അൽഫോൺസ്, മാധ്യമവിദഗ്ധരായ ആർ ഹരികുമാർ, കെ എ ബീന എന്നിവർ യോഗത്തിൽ പങ്കെടുത്തു.







