
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ വച്ച് ആക്രമണത്തിനിരയായ ശ്രീക്കുട്ടിക്ക് ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
റെയിൽവേയിൽ ജോലിയും മതിയായ നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ടാണ് മന്ത്രി വി.ശിവൻകുട്ടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്. റെയിൽവേയുടെ സുരക്ഷാ പരിധിക്കുള്ളിൽ നടന്ന ഈ അതിക്രമം ശ്രീക്കുട്ടിയേയും അവരുടെ കുടുംബത്തേയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിർധന കുടുംബത്തിൽപ്പെട്ട വ്യക്തിയാണ് ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ ദീർഘകാല പരിചരണത്തിനും പുനരധിവാസത്തിനുമുള്ള ചെലവുകൾക്കും കുടുംബത്തിന് സഹായമായും വലിയ ഒരു തുക നൽകണമെന്നുമാണ് ശിവൻകുട്ടി ആവശ‍്യപ്പെട്ടിരിക്കുന്നത്. ട്രെയിനുകളിൽ വനിതാ യാത്രക്കാരുടെ സുരക്ഷയും റെയിൽവേ ഉറപ്പാക്കണെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒരു യാത്രക്കാരിക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത ഈ സാഹചര്യം ഞെട്ടിക്കുന്നതാണ്. റെയിൽവേ മന്ത്രാലയം ഈ അതിദാരുണമായ സംഭവത്തിൽ ഇടപെടണമെന്ന് കത്തിലൂടെ മന്ത്രി അഭ്യർത്ഥിച്ചു.







