
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപെടുത്തിയത്.
കട്ടിളപ്പാളി കേസിൽ പത്മകുമാറിന് ബന്ധമുണ്ടെന്ന് എസ് ഐ ടി. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്.
സ്വർണ്ണം ചെമ്പക്കിയത് പത്മകുമാറിന് അറിയാമെന്നാണ് അന്വേഷനസംഘത്തിന്റെ കണ്ടെത്തൽ. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. 2019ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി അഴിച്ച് കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്നത് എ പത്മകുമാർ ആയിരുന്നു.







