
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന പരാതി വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും. ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനുള്ള തയാറെടുപ്പുകൾ അന്വേഷണ സംഘം പൂർത്തിയാക്കി. ബംഗളൂരു സ്വദേശിനിയായ യുവതിയാണ്, രാഹുൽ തന്നെ ഹോം സ്റ്റേയിൽ എത്തിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നൽകിയത്.
ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കെപിസിസിക്ക് ലഭിച്ച പരാതി അധ്യക്ഷൻ ഡിജിപിക്ക് കൈമാറുകയായിരുന്നു. ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണം സംഘം.







