
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ദിലീപ്. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു. പിന്തുണച്ചവർക്ക് നന്ദിയെന്നും കള്ളക്കഥ കോടതിയിൽ തകർന്ന് വീണുവെന്നും ദിലീപ് പറഞ്ഞു.
സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ക്രിമനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഡാലോചന ആരംഭിച്ചതെന്ന് ദിലീപ് പറഞ്ഞു.
ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തു. തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.







