
തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐഎഫ്എഫ്കെ) ആവേശം കൊള്ളിക്കാൻ അതിജീവനത്തിനായുള്ള പലസ്തീൻ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തിൽ അടയാളപ്പെടുത്തുന്ന പലസ്തീൻ പാക്കേജ് സിനിമകൾ. മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്.
‘ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ’ , ‘ദി സീ’, ‘വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തെത്തുന്നത്. രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് മനുഷ്യൻ്റെ തകരാത്ത പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൻ്റെയും കഥ പറയുന്ന ഈ പലസ്തീൻ ചിത്രങ്ങൾ ഐഎഫ്എഫ്കെയുടെ തിരശ്ശീലയിൽ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുമായി സംവദിക്കും.
ചെറിയൻ ഡാബിസ് എഴുതി സംവിധാനം ചെയ്ത ‘ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ’ ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. പലസ്തീൻ ജനതയുടെ മൂന്ന് തലമുറകളിലൂടെ ഈ ചിത്രം മുന്നേറുന്നത്. 1948 മുതൽ ഇന്നുവരെയുള്ള പലസ്തീൻ കുടുംബത്തിൻ്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. തലമുറകളായി നേരിടേണ്ടി വരുന്ന ആഘാതങ്ങളും സ്വത്വ പ്രതിസന്ധികളും ഈ ചിത്രം അന്വേഷിക്കുന്നു.
ജനുവരി 25 ന് 2025 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നു. 98-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ജോർദാനിയൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.
മെഡിറ്ററേനിയൻ കടൽ കാണാൻ ആഗ്രഹിക്കുന്ന 12 വയസ്സുള്ള പലസ്തീൻ ബാലൻ ഖാലിദിന്റെ കഥയാണ് ഷായ് കർമ്മേലി-പൊള്ളാക്കിൻ്റെ ‘ദി സീ’ കൈകാര്യം ചെയ്യുന്നത്. യാത്രാരേഖകളില്ലാതെ സൈനിക ചെക്ക്പോസ്റ്റുകൾ മറികടന്നുള്ള അവന്റെ സാഹസിക യാത്ര അതിജീവനത്തിൻ്റെയും നിസ്സഹായതയുടെയും കഥയാണ്. ഈ ചിത്രം ഇസ്രായേലിലെ ഓഫിർ അവാർഡുകളിൽ മികച്ച ചിത്രമുൾപ്പെടെ അഞ്ച് പുരസ്കാരങ്ങൾ നേടുകയും 98-ാമത് ഓസ്കറിനുള്ള ഇസ്രായേലി എൻട്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ടാർസാനും അറബ് നാസറും ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച് 2025-ൽ പുറത്തിറങ്ങിയ ചിത്രമാണ് വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ . ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിൽ നടക്കുന്ന ഈ ചിത്രത്തിൽ, അഴിമതിക്കാരനായ ഒരു പോലീസുകാരൻ തന്റെ സുഹൃത്ത് ഒസാമയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന യഹ്യ (നാദിർ അബ്ദുൽഹായ്) എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
2025 മെയ് 19 ന് 78-ാമത് കാൻ ചലച്ചിത്രമേളയിലെ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിൽ ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നു. അവിടെ അത് വിഭാഗത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ജൂൺ 25 ന് സോഫി ഡുലാക് ഡിസ്ട്രിബ്യൂഷൻ ഫ്രാൻസിൽ ഇത് തിയേറ്ററിൽ റിലീസ് ചെയ്തു.







