
തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയുടെ വിവാഹം മുടങ്ങി. വിവാഹം മുടങ്ങിയതിനെത്തുടർന്ന് വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിശ്രുത വധു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം കല്ലമ്പലം സ്വദേശിനിയുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറാൻ വരന്‍റെ വീട്ടിലെത്തിയാണ് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. വധുവിന്റെ അമ്മ വായ്പ എടുത്തവർ വരനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പയ്യൻ കല്യാണ മണ്ഡപത്തിൽ വന്നാൽ കാലുവെട്ടുമെന്നും ഇല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും സംഘം വരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കല്ലമ്പലം സ്വദേശിയായ പെൺകുട്ടിയുടെ അച്ഛൻ കഴിഞ്ഞ ജൂലൈയിലാണ് മരിച്ചത്. വിവിധ ആവശ്യങ്ങൾക്കായി മൂന്ന് വർഷം മുമ്പ് അമ്മ ബ്ലേഡ് സംഘത്തിൽ നിന്ന് ഒരു ലക്ഷം കടം വാങ്ങിയിരുന്നു.
മുതൽ തിരിച്ചടച്ചെങ്കിലും പലിശ ആവശ്യപ്പെട്ട് ഭീഷണി തുരുകയായിരുന്നു. സംഭവത്തിൽ എട്ടുപേർക്കെതിരെ കേസെടുത്തു. ജനുവരി ഒന്നിനായിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. വരൻ പിന്മാറിയതിന്‍റെ വിഷമത്തിൽ പെൺകുട്ടി അമിതമായി ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.







