
തിരുവനന്തപുരം: മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. ഗ്രീൻ മാരത്തൺ എക്സ്പോയിൽ വച്ചായിരുന്നു സംഭവം. ശംഖുംമുഖത്ത് നിന്നായിരുന്നു മാരത്തൺ ആരംഭിച്ചത്. കൊല്ലം എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ മാനേജരും പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ കെ ആർ ആഷിക് (47) ആണ് മരിച്ചത്.
ശംഖുമുഖത്ത് നിന്ന് ഓടി വലിയവേളി പള്ളിക്ക് സമീപം എത്തിയപ്പോൾ ആഷിക് കുഴഞ്ഞു വീഴുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. 21 കിമി വിഭാഗത്തിലാണ് ആഷിക് ഓടിയത്. മാരത്തണുകളിൽ സജീവമായി പങ്കെടുക്കാറുണ്ടായിരുന്ന വ്യക്തിയായിരുന്നു ആഷിക്. കുഴഞ്ഞുവീണ ഉടൻ തന്നെ ആഷിക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.







