
തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം. കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ആണ് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ അപകടത്തിൽപ്പെട്ടത്. റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.
ഓട്ടോ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. ഇയാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഓട്ടോയിലുണ്ടായിരുന്ന ആൾ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. ട്രാക്കിൽ നിന്ന് ഓട്ടോ നീക്കി യാത്ര പുനരാരംഭിച്ചു.
സംഭവത്തെ തുടർന്ന് ഓട്ടോ ഡ്രൈവര്‍ സിബിയെ (28) ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ കേസെടുത്തു. തിരുവനന്തപുരം റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സാണ് കേസെടുത്തത്. വര്‍ക്കല പൊലീസ് പ്രതിയെ ആർപിഎഫിന് കൈമാറി. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.ഓട്ടോറിക്ഷ എങ്ങനെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചു എന്നതടക്കം പരിശോധിക്കും.







