
കാരക്കാസ്: വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായാണ് വിവരം.
ആക്രമണത്തെ തുടർന്ന് വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനസ്വേലയുടെ എണ്ണയും ധാതുക്കളും പിടിച്ചെടുക്കാനുളള യുഎസ് ശ്രമമാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ ആരോപിച്ചു. കാരക്കാസിൽ ഏഴ് സ്‌ഫോടനങ്ങളുടെ ശബ്ദവും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടതായി വാർത്താഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. കാരക്കാസ്,മിറാൻഡ, അറാഹുവ, ലാഗുവൈറെ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. വെനസ്വേലയുടെ സൈനിക താവളത്തിനടുത്തുള്ള നഗരത്തിലും സ്ഫോടനം നടന്നതായും വിവരമുണ്ട്.
നഗരത്തിന്റെ തെക്കൻ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ തുടരുന്നതിനിടെയാണ് സ്ഫോടനം.







