
കൊച്ചി: ലഹരിമരുന്ന് കേസില്‍ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയെന്ന കേസില്‍ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കേരള ബാര്‍ കൗണ്‍സില്‍. വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും.
ആന്‍റണി രാജുവിനെതിരേ ബാർ കൗൺസിൽ സ്വമേധയാ കേസെടുത്തേക്കും. അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുന്നത്. ആൻ്റണി രാജുവിന് നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത് അതീവ ഗുരുതരമാണെന്നും ആന്റണി രാജുവിന്റെ നടപടി നാണക്കേട് എന്ന് ബാർ കൗൺസിൽ പ്രസിഡന്റ് ടി എസ് അജിത് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ മൂന്ന് വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചിരിക്കുന്നത്.







