
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് മത്സരിക്കാൻ തയാറായതെന്ന് ആർ. ശ്രീലേഖ അറിയിച്ചു.
തീരുമാനം മാറിയതറിഞ്ഞത് അവസാന നിമിഷമാണെന്നും ആർ ശ്രീലേഖ പറഞ്ഞു. കൗണ്‍സിലറാകാന്‍ വേണ്ടിയല്ല മത്സരിപ്പിച്ചത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്ന് ശ്രീലേഖ തുറന്നടിച്ചു.
വി.വി. രാജേഷും ആശാനാഥും നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ‍്യമായതിനാൽ ആയിരിക്കാം തീരുമാനമെന്നും ശ്രീലേഖ പറഞ്ഞു. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്.
തെരഞ്ഞെടുപ്പിന്റെ മുഖം താനാണെന്നും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കണമെന്നും നേതൃത്വം അറിയിച്ചിരുന്നു. അവസാനം കൗൺസിലറായി തുടരുന്നത് പാർട്ടി തീരുമാനത്തിന് അനുസരിച്ചാണെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.
കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ലെന്നും ശ്രീലേഖ പറഞ്ഞു. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാൻ അതാണ് കാരണമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.







