
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. അഞ്ച് ലക്ഷം രൂപ രോഗിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 13-നാണ് സംഭവമുണ്ടായത്. ചികിത്സയ്ക്ക് എത്തിയ പോങ്ങുമ്മൂട് സ്വദേശി രവീന്ദ്രന്‍ നായര്‍ ആണ് ലിഫ്റ്റില്‍ കുടുങ്ങിയത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇയാൾ. രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്.
അടുത്ത ദിവസം ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയപ്പോഴായിരുന്നു രവി ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞത്. താൻ പല തവണ അലാറം അടിച്ചിട്ടും ആരും എത്തിയില്ലെന്ന് രവി പ്രതികരിച്ചിരുന്നു. ഇതില്‍ കമ്മീഷന്‍ കേസെടുത്തിരുന്നു. തുടർന്നാണ് ഇപ്പോൾ നഷ്ടപരിഹാരം നല്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.







