spot_imgspot_imgspot_img

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വായനയുടെ മഹാമേളയ്ക്ക് ഇന്ന് തിരിതെളിയും

Date:

തിരുവനന്തപുരം: അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വിപുലമായ ലോകം തുറന്നുകൊണ്ട് നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (KLIBF 2026) ഇന്ന് (ജനുവരി 7) തുടക്കമാകും. ജനുവരി 7 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന വായനയുടെ മഹാമേള ബുധനാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ. എൻ. ഷംസീർ അദ്ധ്യക്ഷത വഹിക്കും. ആധുനിക മലയാള സാഹിത്യത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ എൻ.എസ്. മാധവന് ഈ വർഷത്തെ നിയമസഭാ പുരസ്‌കാരം ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കുന്ന പരിപാടിയിൽ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ ചെയർപേഴ്‌സൺ ഡോ. ക്രിസ്റ്റഫർ കെ. കലില (സാംബിയ) മുഖ്യപ്രഭാഷണം നടത്തും. 2025ലെ അന്താരാഷ്ട്ര ബുക്കർ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖ് ചടങ്ങിൽ മുഖ്യാതിഥിയാകും. മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സാഹിത്യകാരൻ ടി. പത്മനാഭൻ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ പങ്കെടുക്കും. നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തും.

പുസ്തക സ്റ്റാളുകളുടെ ഉദ്ഘാടനം രാവിലെ 9.30ന് സ്പീക്കർ എ. എൻ. ഷംസീറും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് നിർവ്വഹിച്ചു. ഉച്ചയ്ക്ക് 12ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് ഉദ്ഘാടനം ചെയ്യും.

വൈവിധ്യമാർന്ന ചർച്ചകളും സംവാദങ്ങളുമാണ് പുസ്തകോത്സവത്തിന്റെ ആദ്യദിനം ഒരുക്കിയിരിക്കുന്നത്. 12.30ന് നടക്കുന്ന ‘KLIBF ടോക്കിൽ’ ഡോ. ടി. എം. കൃഷ്ണ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് ‘നേതാക്കൾ സാഹിത്യം വായിക്കുമ്പോൾ’ എന്ന വിഷയത്തിൽ മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും സംവദിക്കും. വൈകിട്ട് 4ന് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘സഭയിലെ കാൽ നൂറ്റാണ്ട്’ എന്ന പാനൽ ചർച്ചയിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ എന്നിവരടക്കം സഭയിലെ മുതിർന്ന അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. ബുക്കർ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖും പ്രിയ കെ. നായരും തമ്മിലുള്ള സംവാദവും ഉച്ചയ്ക്ക് 2.45 ന് നടക്കും.

കുട്ടികൾക്കായി പ്രത്യേക സ്റ്റുഡന്റ്‌സ് കോർണറും മാതൃകാ നിയമസഭയും പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്റ്റുഡന്റസ് കോർണറിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് ഡെപ്യൂട്ടി സ്പീക്കർ നിർവ്വഹിക്കും. യൂണിസെഫ് പ്രോഗ്രാമിന് പുറമെ സമുദ്രയാത്രയിലൂടെ ശ്രദ്ധേയരായ ലെഫ്റ്റനന്റ് കമാൻഡർമാരായ ദിൽന കെ., രൂപ എ. എന്നിവരുമായുള്ള കൂടിക്കാഴ്ചയും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തെയ്യം, കളരിപ്പയറ്റ്, സംഗീത സന്ധ്യ ഉൾപ്പെടെയുള്ള കലാപരിപാടികളും പുസ്തക പ്രകാശനങ്ങളും പുസ്തകോത്സവത്തിന് മിഴിവേകും. ആശയങ്ങളുടെ വിനിമയത്തിനും അറിവിന്റെ ജനാധിപത്യവൽക്കരണത്തിനും വേദിയൊരുക്കുന്ന അക്ഷരോത്സവം ജനുവരി 13 വരെ തുടരും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...
Telegram
WhatsApp