
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ രണ്ട് പേരെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിന്‍(28) ആര്യന്‍കോടി സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്.
വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതിനെതുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ഇരുവരും വിതുരയിലെ ലോഡ്ജിൽ മുറിയെടുത്തത്. അതിനുശേഷം ഇവരെ പുറത്തേക്ക് കണ്ടിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു.
ലോഡ്ജിലെ ജീവനക്കാർ ഇവരുടെ മുറിയുടെ വാതിലിൽ തട്ടിയിട്ടും ഡോർ തുറന്നില്ല. പിന്നാലെ വിതുര സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറി.







