
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. നെടുമങ്ങാട് ആനാട്, നാഗച്ചേരിയിലാണ് സംഭവം നടന്നത്. കെഎസ്ആർടിസി ബസും ഹോണ്ട സിറ്റി കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ (65), സുരേഷ് (74), സുരേഷിന്‍റെ ഭാര്യ സുജാത (65), സുജാതയുടെ സഹോദരി സുനിത (58) ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശി തനിമ (20) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലോട് ഭാഗത്തേക്ക് പോയ കാർ വിതുരയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് ബസിന്‍റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.







