
തിരുവനന്തപുരം: ഫാത്തിമപുരം ആർട്സ് & സ്പോർട്സ് ക്ലബ് ഭാരവാഹികൾ ചിറയിൻകീഴ് മണ്ഡലം എംഎൽഎ വി. ശശിയ്ക്ക് നിവേദനം നൽകി.തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിന്റെ അഡോപ്റ്റഡ് വില്ലേജ് എന്നറിയപ്പെടുന്ന ഫാത്തിമപുരം പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായ ഗ്രൗണ്ട് നിർമാണവും അനുബന്ധ വികസന പ്രവർത്തനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
നിവേദനം നൽകുന്നതിനായി കഠിനംകുളം പഞ്ചായത്തിലെ 13-ാം വാർഡ് മെമ്പർ റാഫേലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഫാത്തിമപുരം പ്രദേശത്തെ യുവജനങ്ങളുടെയും കായികപ്രതിഭകളുടെയും ദീർഘകാല ആവശ്യമായ ഗ്രൗണ്ട് സൗകര്യം യാഥാർത്ഥ്യമാകുന്നത് പ്രദേശത്തിന്റെ കായിക–സാമൂഹിക വളർച്ചയ്ക്ക് വലിയ സഹായമാകുമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഫാത്തിമപുരം ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് സാജു ക്ലീറ്റസ്, സെക്രട്ടറി ഷാരോൺ സ്റ്റീഫൻ, ഖജാഞ്ചി ജസ്റ്റിൻ എന്നിവർ ചേർന്നാണ് നിവേദനം വ് ശശി എം എൽ എയ്ക്ക് സമർപ്പിച്ചത്. വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് വ് ശശി എം എൽ എ ഉറപ്പുനൽകി . ഗ്രൗണ്ടിനോടനുബന്ധിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







