
തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയിൽ ഇന്നലെ നടന്ന യോഗത്തിൽ പ്രധാനമന്ത്രി മോദിക്ക് അടുത്തേക്ക് നഗരസഭാ കൗൺസിലർ ആർ ശ്രീലേഖ പോയിരുന്നില്ല. ഇത് വാർത്തകളിൽ ഇടം ഇടിക്കുകയും ചെയ്തിരുന്നു. എന്നാൽ വേദിയിലുണ്ടായിരുന്നിട്ടും പോകാതിരുന്നതിൽ വിശദീകരണവുമായി ആർ ശ്രീലേഖ രംഗത്തെത്തിയിരിക്കുകയാണ്.
മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. പാര്‍ട്ടിയുടെ ഉപാധ്യക്ഷ എന്ന നിലയില്‍ തന്ന ഇരിപ്പിടത്തില്‍ നിലയുറപ്പിക്കണം എന്നായിരുന്നു ധാരണയെന്ന് ശ്രീലേഖ വ്യക്തമാക്കി.
താൻ എപ്പോഴും ബിജെപിക്ക് ഒപ്പമാണ്. പൊലീസ് ഉദ്യോഗസ്ഥയായി വിവിഐപി ഡ്യൂട്ടികളിൽ പാലിക്കേണ്ട അച്ചടക്കം മാത്രമാണ് താൻ പാലിച്ചതെന്നും അവർ വ്യക്തമാക്കി. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം ലഭിച്ചതുകൊണ്ടാണ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും ശ്രീലേഖ വിശദീകരിച്ചു.
വിവിഐപി എന്‍ട്രന്‍സിലൂടെ വന്ന് പ്രധാനമന്ത്രി അതേ എന്‍ട്രന്‍സിലൂടെ തന്നെ തിരികെ പോകുമ്പോള്‍ അവിടെക്കൂടി താനും പോകുന്നത് ശരിയല്ലെന്ന് ധരിച്ചുവെന്ന് ശ്രീലേഖ വിശദീകരിച്ചു. ഇതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും ശ്രീലേഖ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരണം.







