
കഴക്കൂട്ടം: കഠിനംകുളം ഇടപ്പള്ളിയിൽ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. പെരുമാതുറ തെരുവിൽതൈവിളാകം വീട്ടിൽ മാഹീൻ (27) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകുന്നേരം 6.30-ഓടെ ഇടപ്പള്ളിയിലായിരുന്നു സംഭവം. പ്രതിയുടെ കഞ്ചാവ് വില്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന വൈരാഗ്യത്തിലാണ് പെരുമാതുറ സ്വദേശി ജലീലിനെ ഇയാൾ വാളുമായി വെട്ടാൻ ഓടിച്ചത്. ആക്രമണത്തിൽ നിന്ന് ജലീൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ മരുമകൻ സവാദിന് സാരമായി പരിക്കേറ്റു. കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമം സംഭവമറിഞ്ഞ് കഠിനംകുളം പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതി കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ പൊലീസ് സംഘം പിന്തുടർന്ന് സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഈ അക്രമ സംഭവത്തിൽ ഉൾപ്പെട്ട ഒരാൾ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ലഹരിക്കടത്തിലെ പ്രധാനി അറസ്റ്റിലായ മാഹീൻ വലിയ അളവിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. കൊച്ചി നർകോട്ടിക് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത 210 ഗ്രാം എംഡിഎംഎ കേസിൽ ഇയാൾ പ്രതിയാണ്.
കൂടാതെ, ഈയിടെ ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ 450 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കഠിനംകുളം സ്റ്റേഷനിൽ മറ്റ് നിരവധി ക്രിമിനൽ കേസുകളും ഇയാൾക്കെതിരെയുണ്ട്. കഠിനംകുളം സി.പി. ഹാഷിം, നിസ്സാമുദ്ധീൻ, ഷാഹുൽ ഹമീദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







