
തിരുവനന്തപുരം: തിരുവനന്തപുരത്ത് മക്കളുമായി സഞ്ചരിക്കവെ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം. അമിത വേഗത്തിലെത്തിയ കാർ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ആനാട് താഴേ പുനവക്കുന്ന് റോഡരികത്തു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (40)ആണ് മരിച്ചത്. ഹസീനയുടെ മക്കളായ ഷംന(16), റംസാന(7) എന്നിവർക്കാണ് പരിക്കേറ്റത്.
നെടുമങ്ങാടിന് സമീപം വച്ചാണ് അപകടം നടന്നത്. മക്കൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഹസീന മരിച്ചു. യുവതിക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന കുട്ടികൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. റംസാനയെ ആശുപത്രിയിൽ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുംവഴി പഴകുറ്റിയിലെ പമ്പിൽ നിന്നും പെട്രോൾ അടിച്ചശേഷം റോഡിലേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിച്ച് തെറിപ്പിച്ചത്.







