
തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് എതിരായ ചികിത്സ നിഷേധ പരാതിയിൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചികിത്സ വൈകിയിട്ടില്ലെന്നും ഓക്സിജൻ നൽകിയാണ് മെഡിക്കൽ കോളേജിലേക്ക് ബിസ്മിറിനെ അയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജില്ലാ തല മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം ഡിഎംഒ അരൊഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. എന്നാൽ യാതൊരുവിധ ചികിത്സയും ആശുപത്രിയിൽ നിന്ന് ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ആശുപത്രി അധികൃതർക്കെതിരെ മുഖ്യമന്ത്രിയ്ക്കും ഗവർണർക്കും കുടുംബം പരാതി നൽകിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ബിസ്മീറിനെ വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ആശുപത്രിയുടെ പ്രവേശന കവാടം പൂട്ടി ജീവനക്കാർ ഉറങ്ങിയതിനാലാണ് ചികിത്സ വൈകിയതെന്നും ഇതിനാലാണ് യുവാവ് മരിച്ചതെന്നുമാണ് ആരോപണം.







