
തിരുവനന്തപുരം: അമ്പൂരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് ഗുരുതരമായി പരിക്കേറ്റത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തരയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തുന്നതിനിടെ ഉദ്യോഗസ്ഥന് പരിക്ക് പറ്റിയത്.
പ്രദേശത്ത് കാട്ടുപോത്ത് ഉണ്ടെന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് അനിലിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്. കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കത്തിനിടെ പ്രകോപിതനായ കാട്ടുപോത്ത് സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. രക്ഷപ്പെടാൻ വേണ്ടി തിരിഞ്ഞോടുന്നതിനിടെയാണ് അനിലിനെ കാട്ടുപോത്ത് കുത്തിവീഴ്ത്തുക്കുകയായിരുന്നു. പരിക്കേറ്റ അനിൽ കുമാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







