
കഴക്കൂട്ടം:ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയതിൽ സ്ത്രീകളുടെ പങ്ക് വീണ്ടെടുക്കേണ്ട കാലഘട്ടമായെന്ന് കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയുടെ ഡയറക്‌ടർ എ. ജി. ഒലീന. ജനാധിപത്യം എല്ലാ പക്ഷത്തെയും ഉൾക്കൊള്ളുന്ന തലത്തിലേക്ക് ഉയരണമെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിൽ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും ധർമ്മത്തെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് എ. ജി. ഒലീന അഭിപ്രായപ്പെട്ടു. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഐ ക്യു എ സിയും സംയുക്തമായി കേരള സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്‌സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
പൊതുജനത്തെ ജനാധിപത്യത്തിലെ മുഖ്യതൂണായി പരിഗണിക്കണമെന്നും മാധ്യമങ്ങളിലൂടെ നടത്തുന്ന അഭിപ്രായ സർവ്വേകളിൽ അഭിപ്രായം പറയുന്നവരുടെയല്ല പറയാത്തവരുടെ ശബ്ദമാണ് സത്യത്തിൻ്റെ ശബ്ദം എന്നും കേരള സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജി ഗോപകുമാർ മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
കോളേജ് മാനേജർ ഫാ. ഡോ. സണ്ണി ജോസ് എസ് ജെ യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനസമ്മേളനത്തിൽ കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി ഐ.എ.എസ്., ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്‌സ് ഡയറക്‌ടർ ജനറൽ ഡോ. ബിവിഷ് യൂ. സി.,കോളേജ് വൈസ് പ്രിൻസിപ്പൽ സബ് ലെഫ്. രാജേഷ് മാർട്ടിൻ,ഐക്യുഎസി കോർഡിനേറ്റർ ഡോ. രഞ്ജു ആർ കൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു. സെമിനാർ കോർഡിനേറ്റർ നന്ദ എസ് സ്വാഗതവും ഡോ. ഗിരിലാൽ കെ നന്ദിയും പറഞ്ഞു.
നെഹ്റുവിനെ വിമർശിക്കുന്നത് ഇന്നൊരു ഫാഷനായിരിക്കുകയാണെന്നും മാധ്യമങ്ങൾ ഭരിക്കുന്നവർക്കു വേണ്ടിയല്ല ഭരിക്കപ്പെടുന്നവർക്കു വേണ്ടിയായിരിക്കണം നിലകൊള്ളേണ്ടത് എന്ന് ടെലഗ്രാഫിന്റെ മുൻ എഡിറ്റർ ആർ രാജഗോപാൽ പറഞ്ഞു.തുടർന്നുള്ള സെഷനുകളിൽസ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ഡയറക്‌ടർ ഡോ. എം എ ലാൽ, ആസാം കോട്ടൺ യൂണിവേഴ്‌സിറ്റി അധ്യാപിക ഡോ. പരമിത ഡേ, അർജുൻ കെ വി , ഡോ. ഉമ പുരുഷോത്തമൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സിന്ധു തുളസീധരൻ,അനിൽകുമാർ പി, കൈകസി വി.എസ്, ഡോ.ബുഷറ ബീഗം ആർ.കെ എന്നിവർ മോഡറേറ്ററാകും. സെമിനാർ നാളെ അവസാനിക്കും.







