
തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 43 വർഷം കഠിന തടവ് വിധിച്ച് കോടതി. വെങ്ങാനൂർ സ്വദേശി രാജൻ (56) നെയാണ് 43 വർഷം കഠിന തടവിനും 40,000 രൂപ പിഴ ഒടുക്കാനും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ഉത്തരവിട്ടത്. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മിഠായി നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടിയെ ശുചിമുറിയിൽ കയറ്റിയായിരുന്നു പ്രതി പീഡിപ്പിച്ചത്. ജഡ്‌ജി അഞ്ജു മീര ബിർളയാണ് വിധി പ്രസ്‌താവിച്ചത്.
2021 സെപ്റ്റംബർ 30 നും ഒക്ടോബർ 15 നുമാണ് നഗരത്തിലെ ഒരു ഹോസ്‌റ്റലിൽ കേസിനാസ്‌പദമായ സംഭവം നടന്നത്. ഹോസ്‌റ്റലിലെ ക്ലീനറായിരുന്നു പ്രതി. ആരുമില്ലാത്ത സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞു അതിജീവിതയെ ബാത്ത്റൂംൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു.
പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. എന്നാൽ രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു. കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നിയ ആൾ കുട്ടിയോട് കാര്യം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അതേസമയം പ്രതി പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്‌ടപരിഹാരവും അതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു.







