
കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്തിനടുത്ത് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരി ഭര്‍ത്താവായ ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടില്‍ വെച്ചായിരുന്നു ഉമ്മര്‍ ഫറൂഖ് തന്റെ മകളായ മറിയം ജുമൈലയെ (18) വെട്ടിക്കൊലപ്പെടുത്തിയത്. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. കാലിന് ഗുരുതര പരിക്കേറ്റ ഷേയ്ക്ക് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കൊലപാതക കേസില്‍ ഉമ്മര്‍ ഫറൂഖിനെ ഇന്നലെ തന്നെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും. സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നതെന്നാണ് വിവരം. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.







