
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനാ മനോഭാവത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റേത് കേരളത്തെയാകെ നിരാശപ്പെടുത്തുന്ന രീതിയിലുള്ള ബജറ്റാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേഗ റെയിലിലുമടക്കമുള്ള കേന്ദ്ര അവഗണന ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രമേയം. ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നല്‍കിയില്ലെന്നും പ്രമേയത്തില്‍ പറഞ്ഞു.
കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പോലും കേന്ദ്രം പരിഗണിച്ചില്ല. വര്‍ഷങ്ങളായി ഇതേ അവഗണനയാണ് കേന്ദ്രത്തില്‍ നിന്നും കേരളം നേരിടുന്നത്. ലോകത്തിന് മുമ്പില്‍ കേരളം അഭിമാനകരമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും പ്രദേശിക ഭേദങ്ങള്‍ക്ക് അതീതമായ പരിഗണനയുണ്ടാകണമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.







