
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവം 23 മുതല്‍ ആരംഭിക്കും. മാര്‍ച്ച് 3നാണ് പൊങ്കാല നടക്കുക. അന്നേ ദിവസം ചന്ദ്രഗ്രഹണമായതിനാല്‍ ക്ഷേത്രദര്‍ശന ക്രമീകരണത്തിലും മാറ്റമുണ്ട്. അന്ന് വൈകീട്ട് 3.10 മുതല്‍ 7 വരെ നട അടയ്ക്കും. ഈ സമയത്ത് ദര്‍ശനം അനുവദിക്കുകയില്ല. താലപ്പൊലി നേര്‍ച്ചക്കാര്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പായി ക്ഷേത്ര ദര്‍ശനത്തിന് എത്തേണ്ടതാണ്. പൊങ്കാല ഉത്സവത്തിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
23ന് വൈകിട്ട് അഞ്ചരയ്ക്ക് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 25ന് രാവിലെ 8.45ന് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വ്രതം ആരംഭിക്കും. മാര്‍ച്ച് 3ന് രാവിലെ 9.45ന് പൊങ്കാല അടുപ്പില്‍ തീപകരും. ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം. രാത്രി 8.30ന് കുത്തിയോട്ട ബാലന്മാരുടെ ചൂരല്‍കുത്ത് ആരംഭിക്കും. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് രാത്രി 10.45ന് ആരംഭിക്കും. 4ന് രാത്രി 9.45ന് കാപ്പഴിക്കും. രാത്രി 12.45ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.







